മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തു
ഇതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പ്രകാശനം ചെയ്തു. നിലവില്‍ ഹജ്ജിനും ഉംറയ്ക്കും വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട വിസ കേന്ദ്രങ്ങളില്‍ പോയാണ് വിരലടയാളം, കണ്ണ് തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇനി ഇതിന്റെ ആവശ്യമില്ല. പകരം സ്വന്തം സ്മാര്‍ട്ട് ഫോണില്‍ ഈ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സ്‌കാനിംഗിലൂടെ ബയോമെട്രിക് വിവരങ്ങള്‍ അപ് ലോഡ് ചെയ്യാന്‍. ഇങ്ങനെ വിസ ലഭിച്ചവര്‍ സൗദിയില്‍ എത്തുന്ന വേളയില്‍ ബയോ മെട്രിക് വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്മാര്‍ട്ട് ഫോണിലൂടെ ബയോമെട്രിക് ലോകത്താദ്യം
വിസ അപേക്ഷയുടെ ഭാഗമായി സ്വന്തം നാട്ടില്‍ വച്ച് സ്മാര്‍ട്ട് ഫോണ്‍ വഴി ബയോ മെട്രിക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കുന്ന ലോകത്തെ ആദ്യ രാജ്യമായി സൗദി അറേബ്യ മാറിയിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. വിസ, ട്രാവല്‍ മേഖലയുമായി ബന്ധപ്പെട്ട സൗദി കമ്പനിക്കായിരിക്കും പദ്ധതി നടപ്പിലാക്കുന്നതിന്റെ ചുമതല. ആപ്പിന്റെ പ്രകാശന ചടങ്ങില്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എഞ്ചിനീയര്‍ വലീദ് അല്‍ ഖുറൈജി, എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുല്‍ ഹാദി അല്‍ മന്‍സൂരി, വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അംബാസഡര്‍ തമീം അല്‍ ദോസരി തുടങ്ങിയവര്‍ സംബന്ധിച്ചു.
മക്ക പള്ളിയില്‍ കൂടുതല്‍ പേര്‍ക്ക് സൗകര്യം
അതിനിടെ, മക്കയില്‍ മസ്ജിദുല്‍ ഹറാം പരിസരങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പ്രാര്‍ഥന നടത്താന്‍ അധികൃതര്‍ സൗകര്യമൊരുക്കി. ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് കൂടുതല്‍ ഭാഗങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയത്. പുതിയ തീരുമാന പ്രകാരം എഴുപത് വയസ്സ് പിന്നിട്ടവര്‍ക്കും ഹറമിലേക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. അറുപതിനായിരം പേര്‍ക്ക് മസ്ജിദുല്‍ ഹറാമില്‍ നമസ്‌കാരത്തിനും പ്രവേശനാനുമതി നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹറമിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചത്. തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസും പെര്‍മിറ്റും പരിശോധിച്ചാണ് ആളുകളെ ഹറമിലേക്ക് പ്രവേശിപ്പിക്കുന്നത്. ഒരു തവണ ഉംറ നിര്‍വഹിച്ചാല്‍ വീണ്ടും പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ആദ്യ പെര്‍മിറ്റ് കാലാവധി അവസാനിച്ച് 15 ദിവസം പൂര്‍ത്തിയാവണമെന്നാണ് പുതിയ നിബന്ധന. ഒരേ സമയം ഒന്നിലധികം ദിവസങ്ങളില്‍ മസ്ജിദുല്‍ ഹറാമിലെ നമസ്‌കാരത്തിനും പെര്‍മിറ്റ് നേടാനാകില്ല. ഒരു ദിവസത്തെ പെര്‍മിറ്റ് കാലാവധി കഴിഞ്ഞ ശേഷമേ അടുത്ത ദിവസത്തേക്ക് ബുക്കിങ് നടത്താനാവൂ.