യാങ്കൂണ്‍ : മ്യാന്‍മാറിലെ ജനാധിപത്യ പ്രക്ഷോഭത്തിനിടെ ഇന്നലെ ചൈനീസ് സാമ്പത്തീക സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികള്‍ തീവെച്ചു നശിപ്പിക്കുകയും, 38 പ്രക്ഷോഭകാരികളെ വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തു. പൊലീസ് വെടിവയ്പിനും ക്രൂരമായ അടിച്ചമര്‍ത്തലിനും ആവേശം ചോര്‍ത്താനാവാതെ മ്യാന്‍മാറിലെങ്ങും പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു. ഒങ് സാന്‍ സൂചി ഭരണകൂടത്തെ അട്ടിമറിച്ച സൈനീക നീക്കത്തിനെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകാരികളെയാണ് വെടിവച്ച് കൊന്നത്. ഇതോടെ ആകെ മരണസംഖ്യ 126 ആയി,2150 പേരെ അറസ്റ്റ് ചെയ്തു.
ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ പട്ടാളഭരണം പിടിച്ചെടുത്തതിനെ ത്തുടര്‍ന്ന് വ്യാപകമായ പ്രക്ഷോഭങ്ങളില്‍ നിരവധിയാളുകളാണ് മരിച്ചത്. ലയ്തങ്തയ മേഖലയിലെ ചൈനീസ് വസ്ത്ര നിര്‍മാണ ഫാക്ടറികള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. നിരവധി ജീവനക്കാര്‍ ഫാക്ടറികളില്‍ കുടുങ്ങിയിട്ടുണ്ടെന്നും ചൈനീസ് എംബസി അറിയിച്ചു. സ്ഥാപനത്തിനും പൗരന്മാര്‍ക്കും സുരക്ഷ ഒരുക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
ഫാക്ടറിയില്‍ നിന്ന് പുക ഉയര്‍ന്നതിനു പിന്നാലെ സുരക്ഷാ സേന പ്രക്ഷോഭകര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. നാല് വസ്ത്രനിര്‍മ്മാണ ഫാക്ടറികള്‍ക്കും തീയിട്ടു. സൈനിക അട്ടിമറിയിലൂടെ ഭരണം നേടിയവരെ പിന്തുണയ്ക്കുന്ന ചൈനീസ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതാണ് പ്രക്ഷോഭകരെ ചൊടിപ്പിച്ചത്. ഓങ്‌സാന്‍ സൂചിയുടെ മോചനത്തിനും ജനാധിപത്യപുന:സ്ഥാപനത്തിനും വേണ്ടി രാജ്യത്തെ മിക്ക നഗരങ്ങളിലും യുവത്വത്തിന്റെ മുന്നേറ്റമായിരുന്നു.