ദുബായ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നത് ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടിയ സൗദി വനിതാ വിമോചക പ്രവര്‍ത്തക ലൂജിന്‍ അല്‍ ഹത്ത്‌ലോലിന് രാജ്യദ്രോഹ കുറ്റത്തിന് ആറ് വര്‍ഷം തടവ്. 31 കാരിയായ ഹത്ത്‌ലോല്‍ 2018 മുതല്‍ ജയിലിലാണ്. ഭീകര വിരുദ്ധ നിരോധന നിയമപ്രകാരാമാണ് ശിക്ഷ. സൗദിയുടെ രാഷ്ട്രീയ സംവിധാനത്തെ താറുമാറാക്കാന്‍ ശ്രമം നടത്തി, മാറ്റം കൊണ്ടുവരാന്‍ ആവശ്യം ഉയര്‍ത്തി, ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തു തുടങ്ങിയവയെല്ലാമാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അഞ്ചു വര്‍ഷവും എട്ടു മാസവും വരുന്ന ശിക്ഷയില്‍ 34 മാസത്തെ ഇളവ് നല്‍കിയിട്ടുണ്ട്. 2018 മുതല്‍ ജയിലില്‍ ആയതിനാല്‍ ആ കാലയളവും തടവുശിക്ഷയില്‍ കുറവ് ചെയ്യും. ഇതോടെ 2021 മാര്‍ച്ച് അവസാനത്തോടെ ഹത്തലോലിന് പുറത്തു വരാം. എങ്കിലും അഞ്ചു വര്‍ഷത്തേക്ക് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാകില്ല.
2013 മുതലായിരുന്നു ഹത്ത്‌ലോല്‍ വനിതകളുടെ അവകാശത്തിനായി പോരാട്ടം തുടങ്ങിയത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്തത് സൗദിയുടെ താല്‍പ്പര്യങ്ങള്‍ ബലി കഴിക്കാനും ശത്രുക്കളായ വിദേശരാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കാര്യം ചെയ്‌തെന്നുമുള്ള സംശയത്തിലാണ്. സൗദിയുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ തകര്‍ത്തു എന്ന കുറ്റം തന്നെ 20 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഇതിന് പുറമേയാണ് രക്ഷകര്‍തൃസ്ഥാനത്ത് പുരുഷനെ മാത്രം രേഖപ്പെടുത്തുന്ന രീതി മാറണം എന്നാവശ്യപ്പെട്ടത്, യുഎന്‍ ജോലിക്ക് അപേക്ഷിച്ചത്, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും സൗദി അറേബ്യയിലെ മനുഷ്യാവകാശ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള മറ്റ് കുറ്റങ്ങളും.
റോയിട്ടേഴ്‌സ് ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളുമായി രാജ്യത്തെ സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നതും കുറ്റകരമായി കണ്ടെത്തിയിട്ടുണ്ട്. ഭീകര വിരുദ്ധ നിയമം ലംഘിച്ചതിന് അഞ്ചു വര്‍ഷവും എട്ടു മാസവുമാണ് വിധിച്ചത്. മുമ്പ് സൗദിയിലെ മനുഷ്യാവകാശം ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം ഉയര്‍ത്തിയ ജോ ബൈഡനുമായുള്ള സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ബന്ധത്തെ ഹത്ത്‌ലോല്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു.